കേരള സംസ്‌കൃതാധ്യാപക ഫെഡറേഷനിലേക്ക് സ്വാഗതം.Welcome to Kerala Sanskrit teachers Federation. കേരള സംസ്കൃതാധ്യാപക ഫെഡറേഷനിലേക്ക് സ്വാഗതം.Welcome to Kerala Sanskrit teachers federation.KSTF-ല്‍ അംഗങ്ങളവുക..

Thursday, January 9, 2020



42-ാമത് സംസ്ഥാന-സമ്മേളനം

ആമുഖം
കഴിഞ്ഞ നാലു ദശാബ്ദത്തിലേറെയായി കേരളത്തിലെ സംസ്കൃതവിദ്യാഭ്യാസ മണ്ഡലത്തിന് ശക്തി പകർന്നു കൊണ്ട് ഭാഷയുടെ വളർച്ചയ്ക്കും സംസ്കൃതിയുടെ രക്ഷയ്ക്കും അധ്യാപകരുടെ ക്ഷേമത്തിനും അനുസ്യൂതം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അംഗീകൃതസംഘടനയാണ് കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ. ഡിപ്പാർട്ട്മെന്റ് (ഗവൺമെന്റ്) തലത്തിലും പ്രൈവറ്റ് (എയ്ഡഡ്) തലത്തിലും രണ്ടു സംഘടനകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഒന്നിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എല്ലാ രാഷ്ട്രീയ കക്ഷികളോടും തുല്യ ബഹുമാനം പുലർത്തിക്കൊണ്ട് കക്ഷിരാഷ്ട്രീയത്തിന്നതീതമായി പ്രവർത്തിക്കുന്നു എന്നതാണ് KSTF ന്റെ ശക്തിയും ദൗർബല്യവും
 
സംസ്കൃതവിദ്യാഭ്യാസ മേഖലയിൽ ഗുണകരമായ പരിവർത്തനത്തിന് ചുക്കാൻ പിടിക്കുവാൻ ഫെഡറേഷന് കഴിഞ്ഞിട്ടുണ്ട്. പാഠ്യപദ്ധതി പരിഷ്കരണം, അധ്യാപക പരിശീലനങ്ങൾ, സംസ്കൃത കൗൺസിൽ പ്രവർത്തനം തുടങ്ങിയവയുടെ ഗതിവേഗം വർദ്ധിപ്പിക്കുവാനും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള പഠനം ക്ലാസ് മുറികളിൽ ഉറപ്പു വരുത്താനും ഫെഡറേഷന്റെ സമയോചിതമായ ഇടപെടലുകളിലൂടെ സാധിച്ചിട്ടുണ്ട്.

സമീപകാലത്തായി ഫെഡറേഷൻ വിപ്ലവകരമായ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. എൽ പി തലത്തിൽ സംസ്കൃതപഠനം ആരംഭിച്ചു എന്നതാണതിൽ ഏറ്റവും ശ്രദ്ധേയം. ആവശ്യമായ പീര്യേഡുകൾ അനുവദിപ്പിച്ച് എൽ പി കുട്ടികൾക്ക് പാഠപുസ്തകം, സ്കോളർഷിപ്പ് പരീക്ഷ മുതലായവ അതിനോടൊപ്പം നേടിയെടുത്തു. അധ്യാപകരുടെ സർവ്വീസ് സംബന്ധമായ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. പാർട് ടൈം അധ്യാപകരുടെ പി എഫ് അംഗത്വം, പുനർവിന്യാസം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരം ലക്ഷ്യത്തോടുക്കുന്നു.

പക്ഷേ, ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളിൽ ആയിരക്കണക്കിന് കുരുന്നുകൾ താല്പര്യപൂർവ്വം പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആ കുട്ടികളെക്കൂടി സമഗ്രയിലുൾപ്പെടുത്തി കൃത്യമായ എണ്ണം നിശ്ചയിക്കാനോ അവർക്കു വേണ്ടതായ അധ്യാപകതസ്തിക അനുവദിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനു വേണ്ടിയുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഫെഡറേഷൻ. ഇത്തരുണത്തിലാണ് സംഘടനയുടെ 42-മത് സംസ്ഥാനസമ്മേളനം എറണാകുളം ജില്ലയിൽ വച്ചു നടക്കുന്നത്. സംസ്കൃതവിദ്യാഭ്യാസത്തിലൂടെ പൊതുസമൂഹത്തിന്റെ ഗുണാത്മക പരിവർത്തനത്തിനുതകുന്ന ഫെഡറേഷന്റെ സമരപോരാട്ടങ്ങൾക്ക് ബഹുജന പിന്തുണയും കരുത്തും ആർജിക്കുവാൻ ഈ സംസ്ഥാനസമ്മേളനത്തിലൂടെ കഴിയുമെന്നു പ്രത്യാശിക്കുകയാണ്.